Why Support?

Read in:


കോവിഡ് 19 തുടങ്ങിയതു മുതല്‍ നമ്മുടെ കൂടിക്കാഴ്ച്ചകൾ ഇന്റര്‍നെറ്റിലൂടെ ആണു്, മാത്രമല്ല വിനിമയത്തിനുള്ള നമ്മുടെ ആവശ്യകത കൂടുകയും ചെയ്തു.

നിലവിൽ മിക്ക സ്വകാര്യസംഭാഷണങ്ങളും സമൂഹയോഗങ്ങളും ചർച്ചകളും ഒക്കെ നടക്കുന്നതു് വാട്സാപ്പ്, ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ്പ്, മുതലായ, ഡിജിറ്റൽ വിവരങ്ങളും അതിനെ ആധാരമാക്കിയുള്ള വിവരങ്ങളും ശേഖരിച്ചു കൂട്ടിവയ്ക്കുന്ന, സൗജന്യ കുത്തകസേവനങ്ങൾ മുഖേനയാണു്.

ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ മറ്റുള്ള ശ്രോതസ്സുകളിൽ (വിവിധ കച്ചവട സേവനങ്ങൾ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ, ആരോഗ്യസേവനങ്ങൾ മുതലായവ) നിന്നു് വിവര ദല്ലാളുകൾ വഴി വാങ്ങുന്ന വിവരങ്ങളുമായി ചേർത്തു് അപഗ്രഥനം നടത്തി നിങ്ങളുടെ ഒരു ഓൺലൈൻ പ്രൊഫൈൽ അവർ നിർമ്മിക്കുന്നു. കുത്തകസേവനങ്ങളിലെ സുരക്ഷാക്രമീകരണങ്ങളിലുള്ള പാളിച്ചകൾ മറച്ചുവയ്ക്കുന്നതിൽ അവർ കുപ്രസിദ്ധി ആർജിച്ചവരാണു്. അവരിൽ നിന്നും ഇന്റർനെറ്റിൽ വിവരങ്ങൾ ചോരുന്നതും ചോർത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരുന്നു. ഇങ്ങനെ നിര്‍മ്മിക്കുന്ന പ്രൊഫൈലുകള്‍ പരസ്യകമ്പനികൾ, ഇന്‍ഷുറന്‍സ് അല്ലെങ്കിൽ ലോൺ നല്‍കുന്ന കമ്പനികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണകക്ഷികള്‍ എന്നിവര്‍ക്ക് വളരെ വിലപ്പെട്ടതാണ്.

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ നേരം ചിലവിടുന്തോറും, നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കൈമാറുന്ന വിവരങ്ങളുപയോഗിച്ച് നിങ്ങളെ ലക്ഷ്യം വെക്കുകയും നിങ്ങള്‍ ഓരോരുത്തരേയും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രം ലോകത്തെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന ഓരോ കുമിളകള്‍ക്കുള്ളിലായി ഒതുങ്ങിജീവിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്ത് കാണണം എന്ന് അല്‍ഗൊരിതങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നേരത്തേ സൂചിപ്പിച്ചതുപോലെയുള്ള കുമിളകള്‍ക്കുള്ളിലായി പരിമിതപ്പെട്ടുപോവുകയും അതു നിങ്ങളുടെ സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുകയും തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.

ആയതിനാല്‍ നിങ്ങൾ ഒരു വ്യക്തിയോ സംഘടനയോ ആയാലും നിങ്ങളുടെ ഡിജിറ്റല്‍ ആശയവിനിമയ ഉപാധികള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. പരിശോധിക്കുവാനും, പഠിക്കുവാനും, മാറ്റങ്ങള്‍ വരുത്തുവാനും, പുനര്‍വിതരണം ചെയ്യുവാനും, സ്വയം സേവനദാതാവായി മാറുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്ന ജിറ്റ്സി പോലെയുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയർ സേവനങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിവരത്തിന് മേല്‍ ഉടമസ്ഥാവകാശവും, സ്വാതന്ത്ര്യവും, സ്വകാര്യതയും നല്‍കുന്നു. മൊബൈലിലൂടെയും ഡെസ്ക്ടോപ്പിലൂടെയും ഉപയോഗിക്കാനാവുന്ന, സുരക്ഷിതവും എല്ലാ സൗകര്യങ്ങളോടും കൂടി, പരസ്പരം കണ്ട് സംവദിക്കുന്നതിന് വേണ്ടിയുള്ള ഒരു സേവനമാണ് ജിറ്റ്സി. ഒരു കണ്ണി പങ്കുവെക്കുന്നത്ര ലളിതമായും അക്കൗണ്ടില്ലാതെയും പ്രത്യേകിച്ചൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെയും ആര്‍ക്കും മീറ്റിങ്ങില്‍ ചേരാം. നിങ്ങള്‍ക്ക് സ്വന്തമായി ഈ സേവനം നടത്തിക്കൊണ്ടുപോകണം എന്നില്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാള്‍ നടത്തുന്ന സേവനം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

meet.fsci.in എന്ന ജിറ്റ്സി സേവനം പൊതു ഉപയോഗത്തിനായി നല്‍കുന്നത് വഴി, ‘ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‍വെയർ കൂട്ടായ്മ’ (എഫ്.എസ്.സി.ഐ) നിങ്ങളുടെ വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറാതെ തന്നെ മേല്‍പ്പറഞ്ഞ സ്വാതന്ത്ര്യങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. അങ്ങനെ നിങ്ങളുടെ വിവരങ്ങള്‍ സ്വകാര്യമായിരിക്കുകയും അതില്‍ വേറെയാരും തലയിടാതിരിക്കുയും ചെയ്യുന്നു. എഫ്.എസ്.സി.ഐയുടെ മറ്റു് സേവനങ്ങള്‍ പോലെത്തന്നെ ഇതും സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിന്റെയും ആവശ്യകത പ്രചരിപ്പിക്കുന്ന ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരുടെ പ്രയത്നത്തിന്റെ ഫലമാണ്.

നിങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തുവാനും അതിന്റെ പിന്നിലെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സേവനം രണ്ട് വർഷത്തേക്ക് നടത്തിക്കൊണ്ടുപോകുന്നതിനുള്ള തുകയായ 62500 രൂപ സമാഹരിക്കാനുള്ള ജനകീയ സഹായനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി അഭ്യർത്ഥിക്കുന്നു.